Saturday, January 23, 2010

ദേശീയ ചലച്ചിത്രപുരസ്‌കാരം: അന്തഹീന്‍ മികച്ചചിത്രം


2008 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ അവാര്‍ഡുകളും മറാഠി, ബംഗാളി,ഹിന്ദി ചിത്രങ്ങള്‍ നേടിയപ്പോള്‍ മലയാള ചിത്രങ്ങള്‍ ഇക്കുറി പൂര്‍ണ്ണമായും തഴയപ്പെട്ടു. പ്രമുഖ അവാര്‍ഡുകളൊന്നും ഇത്തവണ മലയാളത്തിനില്ല. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ബംഗാളിചിത്രം അന്തഹീന്‍ ആണ് മികച്ച ചിത്രം. നാന്‍ കടുവുള്‍ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ബാല മികച്ച സംവിധായകനായി. ജോഗ്വ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് ഉപേന്ദ്ര ലിമായെ മികച്ച നടനായും ഫാഷന്‍ എന്ന ഹിന്ദിചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക ചോപ്ര മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ ആണ് മികച്ച മലയാളം ചിത്രം. മധുസൂദനന്‍ സംവിധാനം ചെയ്ത മലയാളചിത്രം ബയോസ്‌കോപ്പിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മികച്ച തമിഴ് സിനിമ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം.

പുതുമുഖസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം നീരജ് പാണ്ഡെ (എ വെനസ് ഡേ) നേടി. ജനപ്രിയചിത്രമായി ഓയേ ലക്കി ലക്കി ഓയേ തിരഞ്ഞെടുത്തു. മറാഠി ചിത്രമായ ഗന്ധയിലൂടെ പ്രമോദ് ജെ.തോമസ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ് നേടി. ഹിന്ദി ചിത്രമായ ഫിറാകിലെ എഡിറ്റിംഗ് നിര്‍വഹിച്ച ശ്രീകര്‍ പ്രസാദ് മികച്ച എഡിറ്ററായി.

ഇത്തവണ 13 അവാര്‍ഡുകള്‍ നാല് ബോളിവുഡ് ചിത്രങ്ങള്‍ പങ്കിട്ടു. ഫാഷന്‍, റോക്ക് ഓണ്‍, ഫിറാഖ്, ജോധ അക്ബര്‍ എന്നീ ചിത്രങ്ങള്‍ക്ക് രണ്ട് വീതം അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട അന്തഹീന്‍ മൊത്തം നാല് അവാര്‍ഡുകള്‍ നേടി. മികച്ച ഛായാഗ്രഹണം, ഗാനരചന, ഗായിക എന്നീ പുരസ്‌ക്കാരങ്ങളും അന്തഹീനീനാണ്.

AFSPA 1958 ആണ് നോണ്‍ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ സ്റ്റേഷന്‍സ് എന്ന ചിത്രത്തിലെ എഡിറ്റിംഗ് നിര്‍വഹിച്ച മനോജ് കന്നോത്ത് മികച്ച എഡിറ്ററായി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം വിനു ചൂളിപ്പറമ്പറില്‍ നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥമായി ഗണേഷ് അനന്തരാമന്റെ ബോളിവുഡ് മെലഡീസ് തിരഞ്ഞെടുക്കപ്പെട്ടു.

ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, നോണ്‍ഫീച്ചര്‍ഫിലിം ജൂറി അധ്യക്ഷ അരുണാ രാജെ പാട്ടീല്‍, ഫിലിം ഫെസ്റ്റിവല്‍സ് ഡയറക്ടറേറ്റ് മേധാവി എസ്.എം.ഖാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജൂറിയുടെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും മറാഠി ചിത്രങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയെന്നും ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടു.

മറ്റ് അവാര്‍ഡുകള്‍

മികച്ച ഗായകന്‍ -ഹരിഹരന്‍
മികച്ച ഗായിക- ശ്രേയ ഘോഷല്‍
മികച്ച സഹനടി- കങ്കണ റനൗട്ട്
മികച്ച സഹനടന്‍-അര്‍ജുല്‍ റാംപാല്‍
ബാലതാരം-ഷംസ് പട്ടേല്‍ (താങ്ക്‌സ് മാ, ഹിന്ദി)
മികച്ച ഹിന്ദി ചിത്രം- റോക്ക് ഓണ്‍
അനിമേഷന്‍ ചിത്രം- റോഡ് സൈഡ് റോമിയോ
മികച്ച ചമയം- വി.മൂര്‍ത്തി
കുടുംബക്ഷേമചിത്രം- ലിറ്റില്‍ ലിജോ (ഗുജറാത്തി)
മികച്ച സാമൂഹ്യക്ഷേമചിത്രം - ജോഗ്വ (മറാഠി)
മികച്ച സ്‌പെഷ്യല്‍ എഫക്ട് - മുംബൈ മേരി ജാന്‍
സംഗീതം: അജോയ്, അതുല്‍
തിരക്കഥ : സച്ചിന്‍ കുണ്ഡല്‍കര്‍ (ഗന്ധ- മറാഠി)
മികച്ച കുട്ടികളുടെ ചിത്രം: ഗുബ്ബാച്ചികളും (കന്നഡ)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ആയി കോട്‌നയി (ആസാം)
നൃത്തസംവിധാനം: ചിന്നി പ്രകാശ്, രേഖ പ്രകാശ് (ജോധാ അക്ബര്‍)
വസ്ത്രാലങ്കാരം: നീത ലുല്ല (ജോധാ അക്ബര്‍)
കലാ സംവിധാനം: ഗൗതം സെന്‍ (ഫിറാഖ്)
മികച്ച ആനിമേഷന്‍ ചിത്രം: റോഡ്‌സൈഡ് റോമിയോ



വാര്‍ത്തക്ക് കടപ്പാട് മാതൃഭൂമി

~ 0 comments: ~

~ Post a Comment ~

+

Blogger templates

My title

Popular Posts

Jishnu Vediyoor Photography. Theme images by andynwt. Powered by Blogger.